സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി 12ന് വീണ്ടും പരിഗണിക്കും. 12ന് ഉച്ചക്ക് 12.30-നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ മോചന ഉത്തരവുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.
ഇന്നലെ പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് വിധി പറയാൻ കേസ് മാറ്റിവയ്ക്കുകയും ചെയ്‌തു. ജയിൽ മോചനത്തിന് വേണ്ടിയുള്ള കേസ് മൂന്നാം തവണയാണ് കോടതി പരിഗണിക്കുകയും മാറ്റിവെയ്ക്കുകയും ചെയ്തത്.
കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഒന്നര കോടി സൗദി റിയാൽ ദയാധനം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതിനെ തുടർന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. എങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ അനുകൂല വിധിയുണ്ടാവാത്തതിനാലാണ് ജയിൽ മോചനം സാധ്യമാകാത്തത്.