സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന്റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല.
ഇന്ന് രാവിലെ കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീമിൻ്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
ഇന്നത്തെ സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പബ്ലിക് പ്രൊക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. ഏത് ദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു.