ദുബായ് രാജ്യാന്തര വിമാനത്താവളം വഴി ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ലാറ്റിൻ അമേരിക്കൻ പൗരനായ യുവാവിൽ നിന്ന് 3.2 കിലോഗ്രാം കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്.
എയർപോർട്ട് സ്കാനിങ് ഉപകരണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അരയിൽ ധരിച്ചിരിക്കുന്ന ലോഹമല്ലാത്ത ബെൽറ്റിൽ ഒളിപ്പിച്ചാണ് ഇയാൾ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ കള്ളക്കടത്തുകൾ പിടികൂടാനുള്ള പ്രത്യേക സംവിധാനമായ ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റം ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ദുബായ് കസ്റ്റംസ് അധികൃതർ പറഞ്ഞു.
അപകടകരവും നിരോധിതവുമായ വസ്തുക്കളുടെ കടത്ത് തടഞ്ഞ് സമൂഹത്തെ രക്ഷിക്കുന്നതിനുള്ള മാർഗമെന്ന രീതിയിലാണ് ദുബായ് കസ്റ്റംസ് ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റത്തെ വിലയിരുത്തുന്നത്. ലോക കസ്റ്റംസ് ഓർഗനൈസേഷൻ ദുബായ് കസ്റ്റംസിന്റെ നൂതന സംവിധാനങ്ങളെ പ്രശംസിക്കുകയും അവ അനുകരിക്കേണ്ട കാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.