അജ്മാനിൽ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചു. ഇന്നലെ പുലർച്ചെയാണ് അജ്‌മാൻ വൺ ടവറിലെ ടവർ രണ്ടിൽ തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുപ്പത് നില കെട്ടിടത്തിൽ നിന്ന് താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു.
കെട്ടിടത്തിൽ തീപിടുത്തമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ അധികൃതർ ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിക്കുകയായിരുന്നു. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നെസ്റ്റോ സൂപ്പർ മാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് സാധിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടുത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.