ഷാർജ പുസ്തകോത്സവത്തിൻ്റെ 43ആം പതിപ്പ് നവംബർ 6 മുതൽ 17വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. ‘ഇത് ഒരു പുസ്തകത്തിൽ തുടങ്ങുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള നടക്കുക.112 രാജ്യങ്ങളിൽനിന്നായി അന്താരാഷ്ട്രതലത്തിലുള്ള 2,500-ലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകുമെന്നും ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
വേറിട്ട പരിപാടികളുമായാണ് 43ആമത് മേള നടക്കുക. ‘മെറ്റാവേർസ് ഇൻ പബ്ലിഷിംഗ്’ 43ആമത് പതിപ്പിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. കൂടാതെ സിനിമയിലും സംഗീതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 36 പരിപാടികളും കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട 44 പരിപാടികളും സംഘടിപ്പിക്കും.
മൊറോക്കോ ആണ് പ്രത്യക വിശിഷ്ടാതിഥിയായി എത്തുന്ന രാജ്യം. മൊറോക്കൻ സാഹിത്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ, ബുക്ക് സൈനിംഗ്, കലാപരമായ പ്രകടനങ്ങൾ എന്നിവയും ഉണ്ടാകും. സാഹിത്യ-ബൗദ്ധിക മേഖലകളിലെ പ്രമുഖരായ മൊറോക്കൻ വ്യക്തികൾ സാംസ്കാരികവും വിജ്ഞാനവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകും.
വിമർശനാത്മക സാഹിത്യ, സാംസ്കാരിക, ബൗദ്ധിക ചർച്ചകൾക്കുള്ള ശ്രദ്ധേയമായ വേദിയാണ് ഷാർജ പുസ്തകോത്സവം. എഴുത്തുകാരുടെ ഉൾക്കാഴ്ചകളും ചിന്തകളും ആഗോള പ്രേക്ഷകരുമായി പങ്കിടാനുള്ള മികച്ച ഇടം.പുതിയ പുസ്തകങ്ങളുടെ പ്രകാശനം , വർക്ക്ഷോപ്പുകൾ, കലാപരമായ പ്രകടനങ്ങൾ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശമനുസച്ചാണ് മേള സംഘടിപ്പിക്കുന്നത്. വായനക്കാര്‍, രചയിതാക്കള്‍, വിവര്‍ത്തകര്‍, ചിത്രകാരന്മാര്‍ എന്നിവർ മേളയിൽ സംഗമിക്കും.
400 സാംസ്കാരിക പരിപാടികളാണ് 11 ദിവസങ്ങളിലായി നടത്തപ്പെടുക. വായനയും അറിവുമാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ശിലകളൾ എന്ന സന്ദേശമാണ് ‘ഇത് ഒരു പുസ്തകത്തിൽ തുടങ്ങുന്നു’ എന്ന പ്രമേയത്തിന് പിന്നിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc