റെക്കോർഡ് യാത്രക്കാരുമായി കുതിപ്പ് തുടർന്ന് ദോഹ മെട്രോ. അഞ്ചര വർഷം കൊണ്ട് ദോഹ മെട്രോയിൽ സഞ്ചരിച്ചത് 20 കോടി യാത്രക്കാരാണ്. ഖത്തറിൽ യാത്രക്കാർക്ക് മെട്രോയോടുള്ള പ്രിയമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
2019 മെയ് മാസത്തിലാണ് ദോഹ മെട്രോ ആരംഭിച്ചത്. 2023 ജനുവരി ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തി. എന്നാൽ അടുത്ത പത്ത് കോടി യാത്രക്കാർ മെട്രോ ഉപയോഗിക്കാൻ എടുത്ത സമയം രണ്ട് വർഷത്തിൽ താഴെയാണ്. ഇത് വ്യക്തമാക്കുന്നത് ജനങ്ങൾ ദൈനംദിന യാത്രകൾക്കും മറ്റ് യാത്രകൾക്കും ഖത്തർ മെട്രോ വളരെയധികം ഉപയോഗിക്കുന്നുണ്ട് എന്നതാണ്.
റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി ദോഹ മെട്രോയിൽ ആകെ 37 സ്റ്റേഷനുകളാണ് ഉള്ളത്. മെട്രോ ലിങ്ക് ബസുകൾ, മെട്രോ എക്സ്പ്രസ് വാനുകൾ, പാർക്ക് ആൻ്റ് റൈഡ് സൗകര്യം എന്നിവയിലൂടെ ഇൻ്റഗ്രേറ്റഡ് യാത്രാ സൗകര്യങ്ങളും ദോഹ മെട്രോ ജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.