രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17,556 പേർ സൗദി അറേബ്യയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. നവംബർ 9 മുതൽ നവംബർ 15 വരെയുള്ള കാലയളവിലാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ 11,219 പേരെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും 2,555 പേരെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും 3,782 പേരെ അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്കുമാണ് അറസ്റ്റ് ചെയ്തത്. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ വ്യാപകമായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്.
നിയമലംഘകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധന നടത്തിവരികയാണ്. പൊതുജനങ്ങൾക്ക് ഇത്തരം വിവരങ്ങൾ ലഭിച്ചാൽ അധികൃതരുമായി പങ്കുവെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം നൽകിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും സൗദിയുടെ മറ്റു മേഖലകളിൽ നിന്ന് 999 എന്ന നമ്പറിലും ബന്ധപ്പെടാൻ സാധിക്കും.