ക്രൗഡ്‌സ്ട്രൈക്ക് തകരാറിനേത്തുടർന്ന് ആഗോള തലത്തിൽ സൈബർ ഇടപാടുകൾ സ്തംഭിച്ചത് യുഎഇയെയും സാരമായി ബാധിച്ചു. വിമാനത്താവളങ്ങൾ, എയർലൈനുകൾ, റീട്ടെയിലർമാർ, ഐടി മേഖല, ലോകമെമ്പാടുമുള്ള മറ്റ് വ്യവസായങ്ങൾ എന്നിവയിലുടനീളമുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. സൈബർ തകരാറിനെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ 10 വിമാനങ്ങളാണ് യുഎഇയിൽ റദ്ദാക്കിയത്.
ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ സിറിയം ഡാറ്റ അനുസരിച്ച് ജൂലൈ 19ന് 975 വിമാനങ്ങളിൽ നാല് വിമാനങ്ങളും ജൂലൈ 20-ന് 986 വിമാനങ്ങളിൽ ആറ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. പരിമിതമായ എണ്ണം ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ പ്രക്രിയകളിൽ ചെറിയ കാലതാമസം ഉണ്ടായെങ്കിലും എയർലൈനുകൾ ബദൽ സംവിധാനം ഉപയോഗിച്ചതിനേത്തുടർന്ന് ചെക്ക്-ഇൻ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ പുനരാരംഭിക്കുകയായിരുന്നു.
ആഗോളതലത്തിൽ, ജൂലൈ 20-ന് ഏകദേശം 1,04,000 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതിൽ 1,848 എണ്ണം വെള്ളിയാഴ്ച ഉച്ചയോടെ റദ്ദാക്കി. ജൂലൈ 19ന് 5,333 വിമാനങ്ങളും റദ്ദാക്കിയിരുന്നു. യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, സ്‌പെയിൻ, കാനഡ, ഇറ്റലി, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്.