വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. പൊലീസ് ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. യൂട്യൂബിൽ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാൽ.
പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘തൊപ്പി’ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവച്ചു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു.കോഴിക്കോട് റോഡിൽ നവീകരണം പൂർത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാൾ എത്തിയത്. കടയുടമയ്ക്കെതിരെയും കേസെടുത്തു. ട്രോമാ കെയർ വൊളന്റിയർ സൈഫുദ്ദീൻ പാടമാണ് പരാതി നൽകിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാൻ എത്തിയിരുന്നത്.