യൂട്യൂബര്‍ അഗസ്ത്യാ ചൗഹാന്റെ അപകട മരണം സൂപ്പര്‍ ബൈക്ക് 290 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതിനിടെയെന്ന് പൊലീസ്. യമുനാ എക്സ്പ്രസ് ഹൈവേയില്‍, ആഗ്രയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അഗസ്ത്യ അപകടത്തില്‍പ്പെടുന്നത്. യൂട്യൂബില്‍ ‘പ്രോ റൈഡര്‍’ എന്ന പേരില്‍ ചാനലുള്ള അഗസത്യക്ക് 12 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. അമിത വേഗതയില്‍ എത്തിയ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഹൈസ്പീഡ് വേഗം ചിത്രീകരിക്കാന്‍ അഗസ്ത്യ ഉപയോഗിച്ച ക്യാമറ കണ്ടെത്തി പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. അഗസ്ത്യ ധരിച്ചിരുന്ന ഹെല്‍മെറ്റും ചിന്നഭിന്നമായിരുന്നു. തലക്കേറ്റ ക്ഷതമാണ് അഗസ്ത്യയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി അഗസ്ത്യ പങ്കുവെച്ച വീഡിയോയില്‍ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. താന്‍ 300 കി മീ വേഗതയില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും കഴിയുമെങ്കില്‍ അതിനെ മറികടന്നുള്ള വേഗതയില്‍ സഞ്ചരിക്കുമെന്നുമായിരുന്നു അഗസ്ത്യ അവസാന വീഡിയോയില്‍ പറയുന്നത്.
റൈഡറായ അഗസ്ത്യ നേരത്തേയും സമാനമായി 300 കി മീ വേഗതയില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപകടം സംഭവിച്ച വേളയില്‍ അഗസ്ത്യ വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ക്യാമറയില്‍ നിന്നാണ് 294 കി മീ വേഗതയിലായിരുന്നു യാത്രയെന്ന് മനസ്സിലാക്കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.