എയർ ഇന്ത്യാ എക്സ്പ്രസ്സ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് നടത്തിയപ്പോൾ വലഞ്ഞത് നിരവധി യാത്രക്കാരാണ്. ജോലി തേടിയും വിസാ കാലാവധി കഴിഞ്ഞും പോകേണ്ട നിരവധി യാത്രക്കാർ വെട്ടിലായിരുന്നു. അക്കൂട്ടത്തിൽ ആശുപത്രിക്കിടക്കയിൽ തന്നെ ഒരു നോക്ക് കാണാനായ് കാത്തിരുന്ന ഭർത്താവിന്റെ അടുത്തേക്ക് പോകേണ്ടിയിരുന്ന അമൃതയും ഉണ്ടായിരുന്നു.
അവസാനമായി ഭാര്യയെ കാണാനാവതെയാണ് മസ്ക്കറ്റിലുള്ള കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭർത്താവ് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്.
അടിയന്തര സാഹചര്യമാണെന്നും മസ്കറ്റിൽ എത്തണമെന്ന് പറഞ്ഞിട്ടും ആരും ഗൗരവത്തില്‍ എടുത്തില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമന്നായിരുന്നു പറഞ്ഞത്. പിന്നാലെ 9-ാം തീയതി ടിക്കറ്റ് കിട്ടുമോയെന്നറിയാൻ അമൃത വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സമരം തുടരുകയായിരുന്നു. വിമാന സർവീസ് ആരംഭിച്ചിരുന്നില്ല, അതിന് പിന്നാലെ അമൃതയ്ക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. അമൃതയ്ക്ക് ഭർത്താവിന്റെ അടുക്കൽ എത്താൻ സാധിച്ചില്ല. ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ച് രാജേഷ് മരണത്തിന് കീഴടങ്ങി.