കയറുപിരി മുതൽ തഴപ്പായവരെ നെയ്യുന്ന നമ്മുടെ കേരള സംസ്കാരമില്ലേ.. പഴമയും പൈതൃകവും ഒക്കെച്ചേർന്ന അതിജീവന കാലം. നിത്യജീവിതത്തിൽ നിന്ന് പലതും അകന്നെങ്കിലും പൈതൃകമേളകളിൽ കേരളത്തെ അടയാളപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിന് സമാനമായി അറബിനാട്ടിലുണ്ട് ചില പൈതൃകത്തിൻ്റെ പെരുമയും അതിജീവനത്തിൻ്റെ കാഴ്ചകളും.
അത്തരം ഒരു ഉത്സവം അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അൽ സില നഗരത്തിലെ ബീച്ചിൽ നടക്കുകയാണ്. അൽ യാസത്ത് ഫെസ്റ്റിവൽ എന്നാണ് മേളയുടെ പേര്. എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ്ബിന്റെ സഹകരണത്തോടെ അബുദാബി, അബുദാബി മറൈൻ സ്‌പോർട്‌സ് ക്ലബ്ബ് എന്നിവയുടെ കൾച്ചറൽ പ്രോഗ്രാമുകളും ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റിയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.
പരമ്പരാഗത കലാകാരൻമാരും തൊഴിലാളികളും നെയ്ത്തുകാരും കരകൌശല വിദഗ്ദ്ധരും ശിൽപ്പികളും ഒക്കെയാണ് മേളയുടെ ഭാഗമാകുന്നത്.ഒരാൾ വസ്ത്രങ്ങൾ നെയ്യുമ്പോൾ മറ്റൊരാൾ വല കൊരുക്കുന്നു. മൈലാഞ്ചി അണിയിക്കലും പായ് വഞ്ചി നിർമ്മാണവും ഒക്കെയുണ്ട്. പ്രദർശനം മാത്രമല്ല മേളയിലുളളത്. വൈവിധ്യമാർന്ന സാംസ്കാരിക, പൈതൃക മത്സരങ്ങൾക്കും ഈ പൈതൃക ഗ്രാമം വേദിയാകും. പഴയകാലത്തിൻ്റെ ഓർമ്മ പുതുക്കുന്നതിനും അനുഭവങ്ങൾ പങ്കിടുന്നതിനും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
നൂൽനൂൽക്കലിൻ്റേയും പായ് വഞ്ചി നിർമ്മാണത്തിൻ്റേയും മറ്റും വിരുത് കൈമോശം വന്നിട്ടില്ലാത്ത അറബ് പൌരൻമാരാണ് മേളയുടെ ആകർഷണം. സന്ദർശകർക്ക് പുറമെ സ്കൂൾ കുട്ടികൾക്കും മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. വിവിധ വിനോദ പരിപാടികളും കായിമമത്സരങ്ങളും പൈതൃക ഗ്രാമത്തിലെത്തുന്നവർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും.
ഉത്സവപ്രതീതിയിലാണ് മേള. വിവിധ ബീച്ച്, കായിക മത്സരങ്ങക്കൊപ്പം സെയിലിംഗ് വിനോദങ്ങളുമുണ്ട്. പരമ്പരാഗത കപ്പലോട്ട കായിക വിനോദങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുക, സമകാലികവുമായ സമുദ്ര കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക, എമിറാത്തി പൈതൃകവും സാമൂഹിക മര്യാദകളും ഭാവി തലമുറകൾക്ക് കൈമാറുക, എന്നിവ ലക്ഷ്യമാക്കിയാണ് പൈതൃക മേള നടക്കുന്നത്. നവംബർ 19ന് മേള കൊടിയിറങ്ങും.
സന്ദർശകർക്ക് മരുഭൂമിയേയും , പരമ്പരാഗത തീരദേശ ജീവിതത്തേയും അടുത്തറിയാനാകും. അൽ ദഫ്ര മേഖലയിലെ തീരങ്ങളിലും ദ്വീപുകളിലും പര്യടനം നടത്താനും അവസരമുണ്ട്. സംസ്കാരം, പൈതൃകം, വിനോദസഞ്ചാരം, കായികം എന്നിവയ്‌ക്കായുള്ള ഒരു പ്രമുഖ കേന്ദ്രമായി അൽ ദഫ്‌റ മേഖലയുടെ സ്ഥാനം ഉറപ്പിക്കാൻ മേളയ്ക്ക് കഴിയുമെന്നും സംഘാടകർ പ്രതീക്ഷിക്കുന്നു.