പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. യാമ്പു പുഷ്പമേള ഏപ്രിൽ 30 വരെ നീട്ടി. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് പുഷ്പമേള 52 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയാണ് മേള ഇപ്പോൾ മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടിയത്. റീ സൈക്കിൾ ഗാർഡൻ, ടെക്നോളജി ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോർണർ, ചിൽഡ്രൻസ് പാർക്ക്, ട്രാഫിക് സേഫ്റ്റി വില്ലേജ്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കൾ കൊണ്ട് നിർമ്മിച്ച മലകൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പുഷ്പമേള അവസാനത്തോടടുത്തതോടെ സന്ദർശകരുടെ തിരക്ക് തന്നെയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. ഇതേത്തുടർന്നാണ് ഏപ്രിൽ 30 വരെ യാമ്പു പുഷ്പമേള നീട്ടിവെയ്ക്കാൻ സംഘാടകർ തീരുമാനിച്ചത്. ഫെബ്രുവരി 15ന് ആരംഭിച്ച പുഷ്‌പോത്സവം കാണാൻ ഇതിനോടകം ദശലക്ഷത്തിലധികം പേർ എത്തിയതായി സംഘാടകർ വ്യക്തമാക്കി. യാമ്പു – ജിദ്ദ ഹൈവേ റോഡിനോട് ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് പുഷ്‌പമേള സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാല് മണി മുതൽ പുലർച്ചെ 2.30 വരെയാണ് പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാൻ അവസരമുള്ളത്.