ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിന് ഒരു എതിരാളി എത്തുന്ന. ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് ആണ് ജിമെയിലിന് എട്ടിന്റെ പണി നൽകാൻ ഒരുങ്ങുന്നത്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ ഇമെയിൽ സേവനം ഉടൻ ആരംഭിക്കാൻ പോകുന്നുവെന്ന് മസ്ക് തന്നെയാണ് പ്രഖ്യാപിച്ചത്.
എക്‌സിന്റെ (ട്വിറ്റർ) സെക്യൂരിറ്റി എഞ്ചിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ നഥാൻ മക്‌ഗ്രാഡി എക്സ്മെയിൽ സേവനം വരുമോ എന്ന ചോദ്യവുമായി എത്തിയിരുന്നു. അതിന് മറുപടിയായിട്ടാണ് മസ്ക് ഉടൻ വരുമെന്ന് പറഞ്ഞത്. എക്സ് ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും എക്സ്മെയിൽ പ്രവർത്തിക്കുക. എക്സിന്റെ കീഴിലുള്ള എ.ഐ സംവിധാനവും മസ്കിന്റെ മെയിൽ ആപ്പിലുണ്ടായേക്കുമെന്നും സൂചനയുണ്ട്.
അതേസമയം ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്താൻ പോവുകയാണെന്ന കിംവദന്തി കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ ഒട്ടാകെ പ്രചരിച്ചിരുന്നു. എന്നാൽ അത് നിഷേധിച്ചുകൊണ്ട് ഗൂഗിൾ തന്നെ പിന്നീട് രംഗത്തുവന്നു. അതിനിടയിലാണ് മസ്കിന്റെ ‘എക്സ്മെയിൽ’ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളാണ് ലോകമെമ്പാടുമായി ജിമെയിലിനുള്ളത്.