സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം സ്വന്തമാക്കിയത്. ഇതിനുപിന്നാലെ ചിത്രത്തിന് വേണ്ടി ബ്ലെസി നടത്തിയ കഠിനാധ്വാനത്തെ പ്രശംസിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.
ആടുജീവിതം എന്ന തന്റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ബ്ലെസി എന്ന സംവിധായകൻ്റെ നീണ്ട 16 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്നും ബെന്യാമിൻ വ്യക്തമാക്കി. അതോടൊപ്പം ചിത്രത്തിന്റെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആടുജീവിതം എന്ന എൻ്റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സാർ സംവിധാനം ചെയ്ത സിനിമ ഇത്രയധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയതിൽ വളരെ വളരെ സന്തോഷമുണ്ട്. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞ് കവിയുകയാണ്. ബ്ലെസി എന്ന സംവിധായകൻ നീണ്ട 16 വർഷക്കാലമാണ് ഈ സിനിമക്ക് വേണ്ടി ഉഴിഞ്ഞുവെച്ചത്. അതിന് ജനങ്ങൾ തിയേറ്ററിൽ വലിയ അംഗീകാരം നൽകി. തുടർന്ന് ഇപ്പോൾ പുരസ്‌കാര ജൂറിയും അത്തരത്തിൽ അംഗീകരിച്ചിരിക്കുന്നു എന്ന് കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
സിനിമയിലെ മുഴുവൻ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും ആഹ്ലാദത്തിനൊപ്പം ഞാൻ പങ്കുചേരുകയാണ്. ഇങ്ങനെ ഒരു പ്രതീക്ഷയോടെ ഒന്നുമല്ല ആ സിനിമ ബ്ലെസി ചെയ്‌തത്. അത് ചെയ്യുന്ന സമയത്ത് ആ കഠിന പരീക്ഷണങ്ങളെ അതിജീവിക്കുക എന്നതായിരുന്നു എല്ലാവരുടെയും മനസിൽ. സാധാരണ കഥകൾ കൊടുത്ത് എഴുത്തുകാരൻ മാറിനിൽക്കുകയോ മാറ്റി നിർത്തപ്പെടുകയോ ആണ് സംഭവിക്കുക. അതിൽ നിന്ന് വ്യത്യസ്തമായി ആടുജീവിതത്തിൻ്റെ ചിത്രകാരണത്തോടൊപ്പം ഉണ്ടാവുകയും തിരക്കഥാ ചർച്ചയുടെ ഭാഗമാവുകയും പൃഥ്വിരാജിനെപോലെ ഒരു വലിയ നടൻ വന്നു നമ്മളോട് അഭിപ്രായങ്ങൾ ചോദിക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.
ആ ക്രൂവിൽ ഉണ്ടായിരുന്ന എല്ലാവരും ഇത് ഞങ്ങളുടെ സിനിമയാണ് എന്ന ബോധ്യത്തോടെ ചെയ്തതിന്റെ ഫലമാണ് ഇത്രയധികം അവാർഡുകൾ എന്ന് ഞാൻ കരുതുന്നു. ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ എനിക്കും ദുഃഖമുണ്ട്. എ.ആർ റഹ്‌മാൻ്റെ മനോഹരമായ സംഗീതം, റഫീഖ് അഹമ്മദിൻ്റെ മനോഹരമായ വരികൾ എന്നിവയെല്ലാം പരിഗണിക്കാൻ ഉണ്ടായിരുന്നു. പക്ഷെ ജൂറിയുടെ അന്തിമ തീരുമാനം ഇതാണ്, അതിനെ ചോദ്യം ചെയ്യാൻ പാടില്ല” എന്നാണ് ബെന്യാമിൻ പറഞ്ഞത്.