ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ കലാപ ശ്രമത്തിന് കേസ്. സമരത്തിന് നേതൃത്വം നൽകുന്ന വിനേഷ് ഫോഗട്ട്, ബജ്റംങ് പൂനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്കെതിരെയാണ് വിവിധ ഐ.പി.സി സെക്ഷനുകൾ ചുമത്തി കേസെടുത്തത്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ചില താരങ്ങൾ രാത്രിയോട് കൂടി പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് വന്നിരുന്നു. എന്നാൽ അവർക്ക് അനുമതി നിഷേധിക്കുകയും തിരിച്ചയക്കുകയും ചെയ്തുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ കസ്റ്റഡിയിലായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പിന്നീട് പൊലീസ് വിട്ടയച്ചു.
അതേസമയം ഒകേസ് രജിസ്റ്റർ ചെയ്തതിനെ കുറിച്ച് രു പുതിയ ചരിത്രം രചിക്കുക്കയാണ് എന്നാണ് വിനേഷ് ഫോഗട്ട് പ്രതികരിച്ചത്. ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് ഏഴു ദിവസമെടുത്തു. എന്നാൽ സമാധാനപരമായി സമരം ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ കേസെടുക്കാർ ഏഴുമണിക്കൂർ പോലും വേണ്ടി വന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുകയാണോ എന്ന് വിനേഷ് ചോദിച്ചു. സർക്കാർ അവരുടെ കായിക താരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം മുഴുവൻ കാണുകയാണെന്നും പുതിയ ചരിത്രം എഴുതപ്പെടുകയാണെന്നും വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.
ഇന്നലെ പുതിയ പാർലമെന്റ് ഉദ്ഘാടനത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചതിന്റെ പേരിൽ ബജ്റംങ് പൂനിയ ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഗുസ്തി താരങ്ങളുടേത് സമാധാനപരമായ സമരമാണെന്നും അതിനുള്ള അവകാശമുണ്ടെന്നും താരങ്ങൾ വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഒന്നും പറയുന്നില്ല. എന്തെങ്കിലും കുറ്റം ചെയ്തിട്ടാണോ ഈ അറസ്റ്റ്. ബ്രിജ് ഭൂഷനെയാണ് ജയിലിലിടേണ്ടത് എന്ന് പൂനിയ ട്വിറ്ററിൽ കുറിച്ചു. ബജ്റംങ് പൂനിയയെ രാത്രി ഒരു മണിക്ക് ശേഷമാണ് കസ്റ്റഡിയിൽ നിന്ന് വിട്ടത്. അതേസമയം വീണ്ടും സമരം ആരംഭിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി.
എന്നാൽ ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ജന്തർ മന്തറിലെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുമാറ്റി. സമരത്തിന് ഇനി പൊലീസ് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.