യുഎഇയിലെ ഗാർഹിക തൊഴിലാളികളെ വേജ് പ്രോട്ടക്ഷൻ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) രജിസ്റ്റർ ചെയ്യേണ്ട നിയമം പ്രാബല്യത്തിലെത്തി. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നകിയിരുന്നത്. തൊഴിലുടമകളോട് അഞ്ച് വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരെ ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
യുഎഇയിലെ ഇലക്ട്രോണിക് സാലറി ട്രാൻസ്ഫർ സംവിധാനമാണ് ഡബ്ല്യുപിഎസ്. കറൻസി എക്സ്ചേഞ്ച്, സേവനം നൽകുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് അതത് ജീവനക്കാരുടെ അക്കൌണ്ടിലേക്ക് വേതനം നൽകുന്നത്. ഈ സംവിധാനത്തിലൂടെ ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് അധികൃതർക്ക് ഉറപ്പുവരുത്താനാകുമെന്നതാണ് പ്രത്യേകത. അകാരണമായി തൊഴിലാളിയുടെ ശമ്പളം തടയുകയൊ വൈകുകയൊ ചെയ്താൽ വീട്ടുടമയ്ക്ക് തുടർനടപടികളും നേരിടേണ്ടി വരും.
സ്വകാര്യ കൃഷിക്കാരൻ, പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ), വീട്ടുജോലിക്കാരൻ, വ്യക്തിഗത അദ്ധ്യാപകൻ, വ്യക്തിഗത പരിശീലകൻ എന്നിവരാണ് ഗാർഹിക തൊഴിലാളി വിഭാഗത്തിന് കീഴിലുള്ള അഞ്ച് പ്രൊഫഷനുകൾ. പുതിയ നിയമൻ്റെ പരിധിയിൽ വരുന്ന 19 ജോലികളും നിശ്ചയിച്ചിട്ടുണ്ട്.പാചകക്കാരൻ, കർഷകൻ, തോട്ടക്കാരൻ, സ്വകാര്യ ഡ്രൈവർ ,
വീട്ടുജോലിക്കാരൻ, വീട്ടുജോലിക്കാരി, നാവികൻ/ബോട്ട്മാൻ, സെക്യൂരിറ്റി ഗാർഡ്, ഇടയൻ, ഫാൽക്കൺ പരിശീലകൻ,ആയ, തുടങ്ങിയ വിഭാഗങ്ങളാണ് പരിധിയിൽ വരുന്നത്.