പരിസ്ഥിതി സൗഹൃദമായ ഒരു ലോകകപ്പ്, ഇതായിരുന്നു ഖത്തർ ലോകകപ്പിൻ്റെ ലക്ഷ്യം. ഇതുവരെ സ്റ്റേഡിയങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളിൽ 49 ശതമാനവും ഖത്തർ റീസൈക്കിൾ ചെയ്തുകഴിഞ്ഞിരിക്കുകയാണ്.
കാർഡ് ബോർഡുകൾ, പ്ലാസ്റ്റിക്, ഗ്ലാസ് അടക്കമുള്ള മാലിന്യങ്ങൾ നഗരസഭാ മന്ത്രാലയം നടത്തുന്ന റീസൈക്കിൾ ഫാക്ടറികൾ വഴി ക്ലീൻ എനർജിയായി പുനഃരുപയോഗിക്കുമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ റേഡിയേഷൻ-കെമിക്കൽ പ്രൊട്ടക്ഷൻ വകുപ്പിലെ എൻജി.സമിറ മുഹമ്മദ് അൽ ദോസരി പറയുന്നു.
മാലിന്യങ്ങൾ കൃത്യമായി നീക്കംചെയ്യാനും റീസൈക്കിൾ നടപടികൾ വേഗത്തിലാക്കാനും ലോകകപ്പിന് മുൻപുതന്നെ മൊബൈൽ വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനുകൾ സ്ഥാപിച്ചു. ശുചീകരണത്തിനായി ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ 110 പുതിയ വാഹനങ്ങൾ വിന്യസിക്കുകയും ചെയ്തു. സൗത്ത് ട്രാൻസ്ഫർ സ്റ്റേഷനിൽ പ്രതിദിനം 1,300 ടൺ മാലിന്യങ്ങളാണ് കൈകാര്യം ചെയ്യുക.
പുനഃരുപയോഗിക്കാനുള്ള മാലിന്യങ്ങൾ തരംതരിക്കാനും റീസൈക്കിൾ പ്ലാൻ്റുകളിലേക്ക് മാറ്റാനുമുള്ള പ്രൈമറി സംവിധാനവും സജ്ജമാണ്. പൊതുശുചിത്വ വകുപ്പ് മാലിന്യങ്ങൾ ശേഖരിച്ച് ട്രക്കുകളിൽ ട്രാൻസ്ഫർ സ്റ്റേഷനുകളിൽ എത്തിച്ച് ഇവിടെ നിന്ന് തരംതിരിച്ച് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
മാലിന്യ സംസ്‌കരണവും റീസൈക്കിളിങ്ങും സംബന്ധിച്ച സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത കഴിഞ്ഞ വർഷത്തെ ഫിഫ അറബ് കപ്പിനിടെ പരീക്ഷിച്ച് വിജയിച്ചിരുന്നു.ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, മെറ്റൽ, ഇലക്ട്രോണിക്, കാർഡ് ബോർഡ് എന്നിങ്ങനെയാണ് മാലിന്യങ്ങൾ വേർതിരിക്കുന്നത്. ബാക്കിയുള്ളത് നഗരസഭ മന്ത്രാലയത്തിൻ്റെ ഗാർഹിക ഖര മാലിന്യ സംസ്‌കരണ കേന്ദ്രം ഊർജമാക്കി മാറ്റും.