ഖത്തര്‍ ലോകകപ്പിന് രാജ്യത്തെത്തുന്ന ടീമുകൾക്കും ആരാധകര്‍ക്കും ആരോഗ്യ പരിപാലനം ഉറപ്പാക്കി അധികൃതര്‍. ആയിരക്കണക്കിന് ആരാധകർ എത്തിച്ചേരുന്നത് കണക്കിലെടുത്ത അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ സജ്ജമാക്കി. കൂടുതല്‍ ആളുകൾ എത്തുന്ന കേന്ദ്രങ്ങൾ അനുസരിച്ച് രണ്ടു മേഖലകളിലായി 60ലധികം മൊബൈൽ മെഡിക്കൽ ടീമുകളെ വിന്യസിക്കാനാണ് തീരുമാനം. സ്റ്റേഡിയങ്ങൾക്ക് സമീപവും പ്രധാന താമസ കേന്ദ്രങ്ങൾക്ക് സമീപങ്ങളിലായി നൂറിലധികം ക്ലിനിക്കുകൾ പ്രവർത്തിക്കും.
ടീമുകളുടേയും താരങ്ങളുടേയും പരിചരണത്തിനായി മൊബൈൽ മെഡിക്കൽ ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ ടീമുകളുടേയും ഫസ്റ്റ് റെസ്പോൺസ് ടീമുകളുടേയും സേവനവും ലഭ്യമാണ്. ആവശ്യാനുസരണം ആംബുലൻസുകളും ലഭ്യമാക്കും.
അതേസമയം സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിതരണവും അനുവദിക്കില്ല. ഇ-സിഗരറ്റുകൾക്കും നിരോധനം ഏര്‍പ്പെടുത്തി. പൊതുജനാരോഗ്യ മന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവര്‍ സംയുക്തമായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രണ്ടുപതിറ്റാണ്ടായി ആഗോള ടൂർണമെന്റുകൾ പുകയില രഹിത അന്തരീക്ഷത്തിലാണ് നടന്നുവരുന്നതെന്ന് ഫിഫ വ്യക്തമാക്കി. അതേസമയം ഹയാകാർഡുടമകൾക്ക് ഹമദ് മെഡിക്കൽ കോർപേേറഷന്റെ കീഴിലെ ആശുപത്രികളിൽ അടിയന്തര മെഡിക്കൽ സേനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.