ചേർത്തല സ്വദേശിനിയായ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസാണ് വ്യക്തമാക്കിയത്.
ചേർത്തല 17-ാം വാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ദു മരിക്കുന്ന ദിവസം തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. ഇതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്യുകയായിരുന്നു. തോരൻ കഴിച്ചത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്.
ഇന്ദുവിന് പ്രമേഹവും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, തുമ്പച്ചെടി തോരൻ കഴിച്ചത് മരണത്തിലേക്ക് നയിച്ചോ എന്നത് ഈ ഘട്ടത്തിൽ വ്യക്തമല്ല. രാസപരിശോധന നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂ എന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.