തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ ആലപ്പുഴയിൽ യുവതി മരിച്ചു. ചേർത്തല 17-ാം വാർഡ് ദേവീനിവാസിൽ ജയാനന്ദൻ്റെയും മീരാഭായിയുടെയും മകൾ ഇന്ദുവാണ്(42) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ട് തോരൻ ഉണ്ടാക്കി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ചേർത്തലയിലും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
തുമ്പച്ചെടി തോരൻ കഴിച്ചതാകാം മരണ കാരണമെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം പ്രമേഹം, ഹൃദ്രോഗം, കിഡ്നി തകരാർ തുടങ്ങിയവയുള്ളവർ തുമ്പ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു.