ആരോഗ്യ സേവനങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യൂ.എച്ച്.ഒ) സഹകരണം വർധിപ്പിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്. ഡബ്ല്യൂ എച്ച്ഒയുമായി സംയുക്തമായി പ്രവർത്തിക്കാനും കുവൈറ്റ് ആഗ്രഹിക്കുന്നതായും ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി അറിയിച്ചു. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ഡബ്ല്യൂഎച്ച്ഒ ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) അസി. ഡയറക്ടർ ജനറൽ ഡോ. ഹനാൻ ബൽഖിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. കൂടാതെ ആരോഗ്യപരമായ വെല്ലുവിളികൾ പരിഹരിക്കുന്നതിലും മെഡിക്കൽ അത്യാഹിതങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനുള്ള സമഗ്രമായ ആസൂത്രണത്തിലും കുവൈറ്റിന്റെ കഴിവ് വിലയിരുത്തുകയും ചെയ്തു.
അതേസമയം ആഗോള മാനുഷിക പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കുവൈറ്റിന്റെ ശ്രമങ്ങളെ ഡോ. ഹനാൻ ബൽഖി പ്രശംസിക്കുകയും ചെയ്തു. കൂടാതെ ഡബ്ല്യൂഎച്ച്ഒ പങ്കാളിയെന്ന നിലയിൽ ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിനോടുള്ള കുവൈറ്റിന്റെ ധാർമിക ബാധ്യതയാണ് ഇതെന്നും ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. കൂടികാഴ്ചയ്ക്ക് ശേഷം നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് ചിൽഡ്രൻ ഹോസ്പിറ്റൽ ഡോ. ഹനാൻ ബൽഖി സന്ദർശിച്ചു. കുവൈറ്റിലെ മെഡിക്കൽ സേവനങ്ങൾ, ഉയർന്ന പ്രഫഷനലിസം എന്നിവയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.