വേനൽ ശക്തിപ്രാപിച്ചതോടെ യുഎഇയിൽ ഈന്തപ്പഴ വിപണി സജീവമായി. ഇതോടെ ഗൾഫ് മേഖലയിൽ ഈന്തപ്പഴ മേളകൾ ആരംഭിച്ചുതുടങ്ങി. പകുതി പഴുത്ത ഈത്തപ്പഴമായ റുതബാണ് ഇപ്പോൾ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ കാലമാണ് ഇവയുടെ ലഭ്യതയെന്നതിനാൽ റുതബിന് ആവശ്യക്കാർ ഏറെയാണ്.
ബിസ്ർ, റുതബ്, തമർ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് ഈത്തപ്പഴങ്ങൾക്കുള്ളത്. ഒമാനിൽ നിന്നാണ് റുതബ് പ്രധാനമായും രാജ്യത്തെത്തുന്നത്. വളരെ മൃദുവായതും കരിച്ചപഞ്ചസാരയുടെ രുചിയുമുള്ളതാണ് ഈ പഴങ്ങൾ. പ്രാദേശിക ഉൽപാദനത്തിന് മുമ്പെത്തുന്ന റുതബ് പ്രത്യേക ആഘോഷവേളകൾക്ക് ഉപയോഗിച്ചുവരുന്നവയാണ്. പ്രാദേശിക ഫാമുകളിൽനിന്ന് റുതബ് കൂടുതൽ എത്തുന്നതോടെ വിലയിലും കുറവുണ്ടാകും.
റുതബ് ഈത്തപ്പഴത്തേക്കാൾ രണ്ടിരട്ടി കലോറിയാണ് തമർ പഴങ്ങളിലുള്ളത്. സീസൺ ആരംഭിക്കുന്നതോടെ മുന്തിയ ഇനം മുതൽ സാധാരണ ഈത്തപ്പഴം വരെ വിപണിയിൽ സജീവമാകും. അവയിൽ ചിലതായ ഖലാസ്, ബൂമാൻ, ഖനേസി, ദബ്ബാസ്, ഷിഷി, റുതാബ് തുടങ്ങിയ ഈന്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.