ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കുന്നത് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ?. എങ്കിൽ ആ സ്വപ്നം യാഥാർത്ഥ്യമാകും. ഇനി ബ്രേക്ക് ഫാസ്റ്റോ ഡിന്നറോ എന്തുമാകട്ടേ ബഹിരാകാശത്തിരുന്നു കഴിക്കാം. ഈ അപൂർവ്വ അനുഭവം നൽകാൻ ഒരുങ്ങുന്നത് ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി ( SpaceVIP) ആണ്. ഈ ബഹിരാകാശ വിരുന്ന് അൽപം ചെലവേറും കേട്ടോ. 4 കോടി രൂപയാണ് അതിനായി ചെലവ് വരുക.
2025 -ൽ ഈ യാത്ര സാധ്യമാകും എന്നാണ് സ്പേസ് വിഐപി പറയുന്നത്. 2025 -ൽ ഭൂമിയിൽ നിന്ന് പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവിൻ്റെ നെപ്‌ട്യൂൺ ക്യാപ്‌സ്യൂളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 30 കിലോമീറ്റർ മുകളിൽ സഞ്ചരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്‌പേസ് ക്യാപ്‌സ്യൂൾ ആയിരിക്കും ഇത്.
2023 -ലെ ലോകത്തിലെ ഏറ്റവും മികച്ച 50 റെസ്റ്റോറൻ്റുകളുടെ ഗൈഡിൽ അഞ്ചാം സ്ഥാനത്തെത്തിയ ഡാനിഷ് റെസ്റ്റോറൻ്റ് ആൽക്കെമിസ്റ്റിലെ ഷെഫായ റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങൾ തയാറാക്കും. ഈ യാത്രയിൽ ആറ് യാത്രക്കാർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.ഭക്ഷണത്തിനുപുറമെ, വൈഫൈ, പ്രത്യേക വിശ്രമമുറികൾ തുടങ്ങിയ മറ്റ് ആഡംബര സൗകര്യങ്ങളും യാത്രക്കാർക്ക് ഇതിൽ ആസ്വദിക്കാനാകും.