ശൈത്യകാല ക്യാമ്പിങ് സീസൺ കൂടുതൽ സുരക്ഷിതമാക്കാൻ നടപടികൾ കടുപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. സന്ദർശകരുടെ സുരക്ഷ ഉറപ്പ് വരുത്താനും മികച്ച ക്യാമ്പിങ് സീസൺ സമ്മാനിക്കാനും നിരന്തര പരിശോധനയും ബോധവത്കരണ ക്യാമ്പയിനുമാണ് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നത്. പൊതു ഗതാഗത വകുപ്പ്, ഖത്തർ ടൂറിസം, ഹമദ് മെഡിക്കൽ കോർപറേഷൻഎന്നിവർ സംയുക്തമായാണ് ക്യാമ്പിങ് സീസൺ സുരക്ഷിതമാക്കാൻ പ്രവർത്തിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ മാസം സീലൈൻ മേഖലയിൽ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ‘സുരക്ഷിത ക്യാമ്പിങ്’ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ക്യാമ്പിനെത്തുന്നവർക്ക് ഗതാഗത അവബോധം, പൊതു സുരക്ഷ മുൻഗണന, മരുഭൂമിയിലെ അപകടങ്ങൾ കുറയ്ക്കുക എന്നിവയ്ക്ക് വേണ്ടി രൂപകൽപന ചെയ്തതാണ് ഈ ക്യാമ്പയിൻ.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച മേഖലയിലെ മോട്ടോർ ബൈക്കുകൾ വാടകയ്ക്ക് നൽകുന്ന ഷോപ്പുകളിൽ അധികൃതർ സന്ദർശനം നടത്തിയിരുന്നു. ക്യാമ്പിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെയും മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും ബോധവത്കരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു സന്ദർശനം. കൂടാതെ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും സുരക്ഷ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനും അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാനും കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.