വാട്സ്ആപ് ദുരുപയോഗം ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി മെറ്റ. സ്പാം മെസേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായുള്ള പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്.
മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്നവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആന്‍ഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ആപ്പിനുള്ളിലെ ചില ലംഘനങ്ങള്‍ക്കുള്ള പിഴയായാണ് ഒരു നിശ്ചിത സമയത്തേക്ക് ഈ നിയന്ത്രണം നിലനില്‍ക്കുക.
ഒരു പുതിയ ചാറ്റ് ആരംഭിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ നിയന്ത്രിതമാണ്’ എന്ന് പ്രസ്താവിക്കുന്ന പോപ്പ്-അപ്പ് സന്ദേശമാണ് ഇത്തരം വിലക്കിന് ശേഷം കാണിക്കുക. ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതില്‍ നിന്ന് മാത്രമാണ് ഉപയോക്താവിനെ വിലക്കുന്നത്. എന്നാൽ നിയന്ത്രണത്തിന് മുമ്പുള്ള ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നല്‍കുന്നത് തുടരാനും സാധിക്കും.