വ്യാജവാര്‍ത്തകളും ഡീപ് ഫേക്ക് വീഡിയോകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാജപ്രചാരണങ്ങള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി വാട്സ്ആപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി(എംസിഎ) സഹകരിച്ചാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം. രാജ്യം പൊതുതെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
ഒരു ഹെൽപ്പ് ലൈൻ സേവനമാണ് ഡീപ് ഫേക്കുകളെ നേരിടാനായി വാട്സ്ആപ്പിന്റെ അണിയറയിൽ ഒരുങ്ങുന്നത്. മാർച്ച് മുതൽ പുതിയ സേവനം ലഭ്യമായിത്തുടങ്ങും. രാജ്യത്തെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഹെൽപ്പ് ലൈനിലേക്ക് പ്രവേശനം സാധ്യമാണ്. വാട്സ്ആപ്പ് വഴി നേരിട്ട് ഡീപ്ഫേക്കുകൾ റിപ്പോർട്ട് ചെയ്യാൻ വ്യക്തികളെ ഹെൽപ്പ് ലൈൻ സഹായിക്കും. ഇത്തരത്തിൽ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയങ്ങളിൽ എം.സി.എയുടെ ‘ഡീപ്‌ഫേക്ക് അനാലിസിസ് യൂണിറ്റ്’ വീഡിയോ പരിശോധിക്കും. ശേഷം മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ സംവിധാനത്തിന്റെ രീതി.
എന്നാല്‍ ചാറ്റ്‌ബോട്ട്/ഹെൽപ്പ്‌ലൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ വാട്സ്ആപ്പ് ഇതുവരെ പങ്കുവച്ചിട്ടില്ല. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സേവനം ലഭിക്കും. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമായേക്കുമെന്നാണ് സൂചന. എ.ഐ സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങളെ ചെറുത്ത് നിൽക്കണമെന്നാണ് വാട്സ്ആപ്പ് പുതിയ നീക്കത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് പബ്ലിക് പോളിസി ഇന്ത്യയുടെ ഡയറക്ടർ ശിവ്‌നാഥ് തുക്രല്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് കൃത്യമായ നടപടികൾ വേഗത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.