സാമൂഹ്യമാധ്യമങ്ങൾ ഇല്ലാത്ത ഒരു ദിവസത്തേക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ. ഇല്ല അല്ലേ. കാരണം ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും ഫോൺ കയ്യിലുണ്ടെങ്കിൽ ജീവിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് ജനങ്ങൾ. ഇന്നലെ വൈകിട്ടോടെ ഏകദേശം രണ്ട് മണിക്കൂറോളം ലോകം മുഴുവൻ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയപ്പോൾ എല്ലാവരും ഒന്നടങ്കം ആശങ്കാകുലരായി എന്നതാണ് വാസ്തവം. പലരും ഇത് ഇന്റർനെറ്റിന്റെ പ്രശ്നമാണെന്ന് കരുതി കസ്റ്റമർ കെയർ നമ്പറുകളിൽ ഉൾപ്പെടെ ബന്ധപ്പെടുകയും ചെയ്തു.
ഏകദേശം ഏഴ് മണിയോടെയാണ് ഇൻസ്റ്റഗ്രാം, ത്രെഡ്സ്, ഫെയ്സ്ബുക്ക് പേജുകൾ തകരാറിലായത്. ഇതോടെ എല്ലാവരും നെട്ടോട്ടവും ആരംഭിച്ചു. ഫോണിന്റെ പ്രശ്നമാണെന്ന് കരുതി മൊബൈൽ ഷോപ്പുകളിൽ പോയവരും നിരവധിയാണ്. കുറച്ച് സമയത്തിന് പിന്നാലെ മെറ്റ തലവന്റെ സന്ദേശമെത്തി. ‘ചില്ലായി ഇരിക്കൂ ഗയ്സ്, ഉടൻ ശരിയാകും’ എന്നായിരുന്നു മാർക്ക് സക്കർബർഗ് പറഞ്ഞത്. ഇത് കേട്ടതോടെ പലരുടെയും ശ്വാസം നേരെ വീണു.
പിന്നീട് ലോകം അക്കൗണ്ടുകൾ തിരിച്ചുവരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം പുനസ്ഥാപിച്ചതായി മാർക്ക് സക്കർബർഗ് എക്‌സിലൂടെ അറിയിച്ചു. അതോടെ ടെൻഷന്റെ നീണ്ട മണിക്കൂറുകളും അവസാനിച്ചു. ഇനിയും ഇത്തരം തകരാർ ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിലാണ് പല ഉപയോക്താക്കളും.