ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദിനെ വരവേൽക്കാനൊരുങ്ങി വിശ്വാസ സമൂഹം. ഗൾഫ് മേഖലയിലെങ്ങും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഈദ് നിസ്കാരത്തിനായി പള്ളികൾക്ക് പുറമെ പ്രത്യേക ഗാഹുകളും തയ്യാറായിക്കഴിഞ്ഞു. യുഎയും സൌദിയും ഖത്തറും ഉൾപ്പടെ നിസ്കാരത്തിനായി വിശാലമായ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്.
വ്യാഴാഴ്ച മുതൽ ഗൾഫ് മേഖലയിൽ ഈദ് അവധി ആരംഭിച്ചിട്ടുണ്ട്. വാരാന്ത്യ അവധികൾ ഉൾപ്പെടെ നീണ്ട അവധിക്കാലമാണ് ലഭിച്ചിട്ടിളളുത്. യാത്രകളും കലാപരിപാടികളും ഒക്കെയായി ചെറിയപെരുന്നാൾ അവധിക്കാലം ആഘോഷമാ ക്കാനുളള നീക്കത്തിൽ ഗൾഫ് മേഖലയിലെ താമസക്കാർ. പരമ്പരാഗത ആഘോഷ ഇടങ്ങളിൽ പ്രത്യേക വിനോദപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്.
ആഘോഷ കാലത്ത് തിരക്കേറുന്നത് കണക്കിലെടുത്ത് യുഎഇ പ്രത്യേക യാത്രാ സൌകരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രൊ സമയം പുലർച്ചെ ഒരുമണിവരെ ദീർഘിപ്പിച്ചു. ബസ് സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അബുദാബി. ദുബായി ,ഷാർജ ,അജ്മാൻ ഉൾപ്പടെയുളള എമിറേറ്റുകളിൽ അവധിയോട് അനുബന്ധിച്ച് സൌജന്യ പാർക്കിംഗും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന യാത്രക്കാർ മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
അതെസമയം പെരുന്നാൾ കാലം സുരക്ഷിതമാക്കാൻ പദ്ധതികളുമായി യുഎഇ പൊലീസും രംഗത്തുണ്ട്. തിരക്കേറുന്ന ഇടങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ഡ്രോൺ നിരീക്ഷണങ്ങൾക്കും അനുമതിയുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിച്ചുകളിലും പാർക്കുകളിലും പ്രത്യേക സുരക്ഷാ സംഘത്തിൻ്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിര വൈദ്യ സഹായമെത്തിക്കുന്നതിനും സംവിധാനങ്ങൾ തയ്യാറായി. ആഘോഷങ്ങളിൽ സുരക്ഷാ വിട്ടുവീഴ്ച പാടില്ലെന്നും അധികൃതർ നിർദേശിച്ചു.