കുവൈറ്റിൽ ഞായറാഴ്ച മുതൽ തണുപ്പ് കൂടും. ശനിയാഴ്ച അൽ മുറബ്ബനിയ സീസൺ അവസാനിച്ചതായി അൽ ഉജൈരി സയന്റിഫിക് സെന്ററാണ് വ്യക്തമാക്കിയത്. അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ശബാത്ത് സീസൺ വർഷം തോറും 26 ദിവസം നീണ്ടുനിൽക്കുന്നതാണ്.
ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറവായിരിക്കുകയും തണുപ്പ് ശക്തമാവുകയും ചെയ്യും. ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അൽ-നയിം, അൽ-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കുന്നതാണ്. തണുത്ത പ്രഭാതവും കനത്ത മഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സീസണാണിതെന്നും സയന്റിഫിക് സെന്റർ അറിയിച്ചു.