പത്തു വർഷത്തിനകം ലോകത്തിൻ്റെ സാമ്പത്തിക കേന്ദ്രമാകാനുള്ള പദ്ധതികളുമായി യുഎഇ. സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വി ദ് യുഎഇ – 2031 എന്ന പ്രമേയത്തിലാണ് പരിഷ്കരണ പദ്ധതികൾക്ക് ധനമന്ത്രാലയം രൂപം നൽകിയത്. ഭാവി വികസനത്തിനു ഉതകുംവിധം എല്ലാ മേഖലകളിലും മത്സര ശേഷി ഊർജിതമാക്കി മികച്ച നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം.
സാമൂഹിക, സാമ്പത്തിക, നയതന്ത്ര, ആവാസവ്യവസ്ഥകളെ അടിസ്ഥാനമാക്കിയായിരിക്കും പദ്ധതികളെന്നും ധനമന്ത്രാലയം വ്യക്തമാക്കി. യുഎഇയെ രാജ്യാന്തര തലത്തിൽ പ്രതിനിധീകരിക്കാൻ എമിറേറ്റുകളെ ശാക്തീകരിക്കുയും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യും.
അടുത്ത പത്ത് വർഷത്തെ വികസന പദ്ധതിയുടെ പ്രധാന ചാലക ശക്തി എന്ന നിലയിൽ മാനവശേഷി ശക്തിപ്പെടുത്തും, വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ഡിജിറ്റൽവൽക്കരണവും ഊർജിതമാക്കും.
യുഎഇ ലോകത്തെ മികച്ച നിക്ഷേപകേന്ദ്രമാകും:
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
അതേസമയം ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ അവസരം സൃഷ്ടിക്കുന്നതിന് യുഎഇ മുൻപന്തിയിലുണ്ടാവുമെന്ന് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെൻ്റ് (യുഎൻസിടിഎഡി) വ്യാഴാഴ്ച പുറത്തിറക്കിയ വേൾഡ് ഇൻവെസ്റ്റ്മെൻ്റ് റിപ്പോർട്ട് 2024-നെ അടിസ്ഥാനമാക്കിയായിരുന്നു പ്രതികരണം.
2023ലെ കണക്കനുസരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളുടെ കാര്യത്തിൽ യു.എ.ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും, ഇൻബൗണ്ട്, ഔട്ട്ബൗണ്ട് നിക്ഷേപങ്ങളിൽ അറബ് ലോകത്തും പശ്ചിമേഷ്യയിലും മിഡിൽ ഈസ്റ്റിലും ഒന്നാമതുമാണ്. വിദേശ നിക്ഷേപത്തിൻ്റെ കാര്യത്തിൽ രാജ്യം ആഗോളതലത്തിൽ 11-ആം സ്ഥാനത്തുമാണ്.