ചൈനയുടെ 74-ാമത് ദേശീയ ദിനത്തിൽ രാജ്യത്തെ നേതാക്കളെയും ജനങ്ങളെയും അഭിനന്ദിക്കവേ, 30 വർഷം മുമ്പ് ചൈന സന്ദർശിച്ചതിന്റെ അപൂർവ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റ്.
ചൈനക്കാർക്ക് സമൃദ്ധിയും സമാധാനവും ആശംസിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൈനീസ് ഭാഷയിൽ ഹൃദയസ്പർശിയായ സന്ദേശവും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
ചൈനയുമായുള്ള മേഖലയുടെ ബന്ധം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതെങ്ങനെയെന്ന് അദ്ദേഹം എടുത്തുകാണിച്ചു. നൂറ്റാണ്ടുകളായി വ്യാപാരികൾ ഉപയോഗിച്ചിരുന്ന റൂട്ടുകളുടെ ഒരു ശൃംഖലയെ പരാമർശിച്ച് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു: “സിൽക്ക് റോഡ് കിഴക്കിനെ പടിഞ്ഞാറുമായും പടിഞ്ഞാറിനെ കിഴക്കുമായും ബന്ധിപ്പിച്ചു. ഞങ്ങൾ ഒരു വ്യാപാര രാജ്യമായതിനാൽ ഞങ്ങളുടെ പൂർവ്വികർ ആ പാത ലോകത്തിന് തുറന്നിരുന്നു. “ഷാങ്ഹായിയും ദുബായും തമ്മിൽ സമാനതകളുണ്ട് എന്നും”അദ്ദേഹം പറഞ്ഞു.30 വർഷം മുമ്പ് അന്തരിച്ച ഷെയ്ഖ് സായിദിനൊപ്പം ഔദ്യോഗിക യാത്രയിൽ ചൈന സന്ദർശിച്ച സമയവും അദ്ദേഹം പരാമർശിച്ചു. “പിന്നീട് ഞാൻ ഒരു വർഷത്തിൽ മൂന്ന് തവണ ചൈന സന്ദർശിച്ചു. എനിക്ക് രാജ്യത്തെ ഇഷ്ടമാണ്, അതിലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.