വയനാട് ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. ഇന്ന് നടത്തിയ തിരച്ചിലിൽ സൂചിപ്പാറ-കാന്തൻപാറ പ്രദേശത്ത് നിന്ന് 4 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് വനമേഖലയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദുർഘടമായ മേഖലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്ത് മുകളിലേയ്ക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കോടനിറഞ്ഞ വനമേഖയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസം നേരിട്ടിരുന്നു. ഇന്ന് ദുരിതബാധിതരും പ്രദേശവാസികളും തിരച്ചിലിൻ്റെ ഭാഗമായുണ്ട്.
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് രാവിലെ 6 മണി മുതൽ 11 മണി വരെയാണ് തിരച്ചിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരച്ചിൽ നീളുകയാണ്. രണ്ട് സ്ഥലങ്ങളിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധന തുടരുകയാണ്.