ദുരന്തഭൂമിയായ മുണ്ടക്കൈയിലും ചൂരൽ മലയിലും രക്ഷാപ്രവർത്തനം 5-ാം ദിവസത്തിലേയ്ക്ക് കടന്നു. പ്രദേശങ്ങളിൽ മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറ് മേഖലകളിലാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നത്. സൈന്യം, എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്.
നിരവധി മൃതദേഹങ്ങൾ കണ്ടെടുത്ത ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും. അതോടൊപ്പം തിരച്ചിലിനായി ഇന്ന് കൂടുതൽ കഡാവർ നായകളെ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് നായകളെ എത്തിച്ചത്. 16 കഡാവർ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്. അതോടൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചൽ എന്ന നായയും ഇന്ന് വയനാട്ടിൽ തിരച്ചിലിനുണ്ടാവും.
അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയാണ്. 344 പേർ മരിച്ചതായാണ് റിപ്പോർട്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം 250ലധികം ആളുകളെ ഇനി കണ്ടെത്താനുണ്ട്. 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് വിവരം. തിരിച്ചറിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും.