വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 104 ആയി ഉയർന്നു. ഇതിൽ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 18 മൃതദേഹങ്ങളാണ് ഇപ്പോൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 128 പേർ ഉരുൾപൊട്ടലിൽ പരുക്കേറ്റ് ചികിത്സയിലുണ്ട്.
അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ചൂരൽമലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവിൽ പുരോഗമിക്കുകയാണ്. സൈന്യം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. മുണ്ടക്കൈ മേഖലയിൽ കുടുങ്ങിയ നൂറോളം പേരെ സൈന്യം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള മാർഗമാണ് ഇപ്പോൾ സ്വീകരിക്കാനൊരുങ്ങുന്നത്.
ഇവിടെ താത്കാലിക പാലം നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും വിമാനമാർഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ചൂരൽമലയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. രക്ഷാപ്രവർത്തനം രാത്രിയിലും സാധ്യമാണെങ്കിൽ തുടരുമെന്നാണ് റിപ്പോർട്ട്.