ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാടിന് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് നിർമിച്ചു നൽകി നടന് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്നാണ് സ്ഥാപിച്ചത്. ഈ പ്ലാന്റിലൂടെ എടത്വ ഒന്നാംവാര്‍ഡിലെ നൂറ് കണക്കിന് വരുന്ന നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമായത്. വിശ്വശാന്തി ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ മേജര്‍ രവിയാണ് ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.
പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്കാന് ശേഷിയുള്ള പ്ലാന്റാണ് കുട്ടനാട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് കാര്‍ഡുകൾ നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റില്‍ നിന്നും സൗജന്യമായി എടുക്കാം. അതേസമയം പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാര്‍ദ്ദമായാണ് നിര്‍മിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ജലത്തില്‍ ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കഴിവുള്ളതുമാണ് പ്ലാന്റ്. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍, സ്കൂളുകള്‍ എന്നിവ ഈ പ്ലാന്റിന്റെ ഗുണഭോക്താക്കളാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.