തിരുവില്വാമലയിലെ ഒരു വീട്ടിൽ പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം കണ്ടെത്തി. ചേലക്കര തിരുവില്വാമല കുത്താമ്പുളിയിലാണ് പാചകത്തിനായി നിറച്ച ഗ്യാസ് സിലിണ്ടറിനുള്ളിൽ വെള്ളം നിറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തിരുവില്വാമല കുത്താമ്പുള്ളി വലീയവീട്ടിൽ ലക്ഷ്മിയുടെ വീട്ടിലാണ് മൂന്നാഴ്ച മുമ്പ് ഇന്ത്യൻ ഗ്യാസ് കമ്പനിയുടെ ഒറ്റപ്പാലം തോട്ടക്കര സത്യം ഏജൻസിയിൽ നിന്നും ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തിച്ചത്. എന്നാൽ 1150 രൂപ നൽകി നിറച്ച സിലിണ്ടർ് രണ്ട് ദിവസത്തെ ഉപയോഗത്തിന് ശേഷം നിശ്ചലമായി.
രാവിലെ എഴുന്നേറ്റ് സ്റ്റവിൽ തീ കത്തിച്ചതിന് ശേഷം അരിയിട്ട് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ തീ കത്തുന്നത് നിന്നു. ഗ്യാസിൽ നിന്ന് എന്തോ ശബ്ദവും പുറത്ത് വന്നിരുന്നു. ഈ വിവരം ഗ്യാസ് ഏജൻസിയിൽ അറിയിച്ചപ്പോൾ അവർ വന്ന് പരിശോധിച്ചു. ഗ്യാസ് സിലിണ്ടർ കുലുക്കി നോക്കിയിട്ട് അതിനകത്ത് വെള്ളമാണെന്ന് പറഞ്ഞു. മറ്റൊരു ഗ്യാസ് കുറ്റി വേണമെങ്കിൽ പണമടയ്ക്കണമെന്നും അവർ പറഞ്ഞുവെന്ന് വീട്ടമ്മ പറഞ്ഞു.
തുടർന്ന് ഏജൻസിയിൽ ലക്ഷ്മി പരാതിപ്പെട്ടു. അവർ നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് കുറ്റിയിൽ പച്ചവെള്ളം നിറച്ചതായി കണ്ടെത്തിയത്. എന്നാൽ ഏജൻസി തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്ന് അറിയിച്ചതായും വീട്ടുകാർ പറയുന്നു.