കനത്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ടിൽ മുങ്ങി കിടക്കുകയാണ് ബഹ്‌റൈനിലെ റോഡുകൾ. ഈ സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബുരി ടണൽ, അൽ-ഖത്തേ സ്ട്രീറ്റ് ടണൽ, ഷെയ്ഖ് സൽമാൻ സ്ട്രീറ്റ്, ഇസാ ടൗൺ ഗേറ്റ് ടണൽ, എൽ.എസ്.എ ടൗൺ ഗേറ്റ് ടണൽ എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുത്
റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ഡ്രൈവിങ്ങിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കരുത്, വേഗത കുറച്ച് മാത്രം വാഹനങ്ങൾ ഓടിക്കുക, മറ്റു വാഹനങ്ങളുമായി സുരക്ഷാ ദൂരം പുലർത്തുക, ലെയ്ൻ ട്രാഫിക് കർശനമായി പാലിക്കുക എന്നീ കാര്യങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമപ്പെടുത്തി.
കാറ്റ് ശക്തം, കടലിൽ പോകരുത്
ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ കടലിൽ പോകരുതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കടലിൽ കുളിക്കുന്നതിനും മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സഹായത്തിനായി വിളിക്കാം
പ്രധാന റോഡുകളിൽ കനത്ത മഴ മൂലം സഹായം ആവശ്യമായി വന്നാൽ 17545544 എന്ന നമ്പറിൽ വിളിക്കാം. ഇടറോഡുകളിലാണെങ്കിൽ 80008188 നമ്പറിലും വൈദ്യുതി തകരാർ സംബന്ധമായ പ്രശ്നങ്ങൾക്ക് 17515555 എന്ന എമർജൻസി നമ്പറിലും വിളിക്കാം.