ഏറെ കൗതുകവും അതിലേറെ അത്ഭുതവും സൃഷ്ടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് തനിക്ക് അനുഭവിക്കാൻ കഴിഞ്ഞ വിവിധ കാര്യങ്ങളിൽ എറ്റവും രസകരമായ അനുഭവമാണ് നെയാദി വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികർ വെള്ളം കുടിക്കാനുപയോഗിക്കുന്ന കവറിൽ നിന്നും ജലം പുറത്തേക്കിറ്റിച്ച ശേഷം അതിന്റെ അവസ്ഥ കാണിച്ചുതരുകയാണ് അദ്ദേഹം. താഴേക്ക് ഒഴുകിയിറങ്ങേണ്ടതിന് പകരം വെള്ളം ഗോളാകൃതിയിലേക്ക് രൂപമാറ്റം സംഭവിച്ച് അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്നതാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.
ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ ബഹിരാകാശത്തെത്തുന്നതോടെ ഗുരുത്വാകർഷണ ബലം നിസാരമായിത്തീരുകയാണ് ചെയ്യുന്നത്. അതിനാലാണ് വസ്തുക്കൾക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നത്. എന്നാൽ ബഹിരാകാശത്ത് ദ്രാവകത്തിന്റെ അവസ്ഥ എന്താണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? ബഹിരാകാശ നിലയം പൂജ്യം ഗുരുത്വാകർഷണ പരിതസ്ഥിതിയും ജലത്തിന്റെ പ്രതലബലവും ഇതിന് ഒരു കാരണമാണ്. പ്രതലബലം എന്നത് ദ്രാവകങ്ങളുടെ ഒരു പ്രത്യേകതയാണ്. അതിൽ ഒരു പദാർത്ഥത്തിന്റെ തന്മാത്രകൾ മറ്റൊരു പദാർത്ഥത്തിന്റെ തന്മാത്രകളേക്കാൾ പരസ്പരം ആകർഷിക്കപ്പെടുന്നു. മറ്റ് ദ്രാവകങ്ങളെ അപേക്ഷിച്ച് ജലത്തിന് ഉയർന്ന പ്രതലബലമുണ്ട്. ഇത് ജലതന്മാത്രകൾ പരമാവധി ഒട്ടിച്ചേർന്നിരിക്കാൻ കാരണമാകുന്നു. ജലത്തിന്റെ ഉപരിതലത്തിൽ തന്മാത്രകൾ അതിന്റെ ഉള്ളിലുള്ള ജലതന്മാത്രകളിലേക്കും അവയുടെ വശങ്ങളിലേക്കും മാത്രമേ ആകർഷിക്കപ്പെടുകയുള്ളൂ. അതിനാലാണ് ജലം ഗോളാകൃതിയിൽ കാണപ്പെടുന്നത്.
ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇതോടെ അൽ നെയാദി. ബഹിരാകാശത്തെ തന്റെ അനുഭവങ്ങളോടൊപ്പം തങ്ങൾ ഇവിടെ ദിവസേന 16 സൂര്യേദയങ്ങളും അത്രത്തോളം സൂര്യാസ്തമയങ്ങളും കാണുന്നുണ്ടെന്നും സമയം അതിവേഗം മുന്നോട്ടുപോകുന്നതായി അനുഭവപ്പെടുന്നുവെന്നും അദ്ദേഹം തന്റെ വീഡിയോകളിലൂടെ പങ്കുവെക്കുന്നുണ്ട്.