മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് കോടതി വാറണ്ട് പ്രഖ്യാപിച്ചത്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ലഖ്‌നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കോടതി അയച്ച സമ്മൻസ് ഷാജൻ സ്കറിയ കൈപ്പറ്റിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരായില്ല. ഇതിനെ തുടർന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യവും കോടതി നിരാകരിച്ചു.
അതേസമയം വിവേക് ഡോവലിന്റെ കമ്പനിയായ ജി എൻ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണം നോട്ട് അസാധുവാക്കലിന് ശേഷം എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വിഡിയോയിലൂടെ ആരോപിച്ചത്. ഇതിൽ യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറക്ടർ ആയ മുഹമ്മദ് അൽത്താഫിന് പങ്കുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ വസ്തുതാ വിരുദ്ധമായ വ്യാജ ആരോപണങ്ങൾ വീഡിയോയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചു. ഇതിന് പിന്നാലെയാണ് ലക്നൗ കോടതിയിൽ ലുലു ഗ്രൂപ്പ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.