കർഷക തൊഴിലാളി യൂണിയന്‍റെ (KSKTU) മുഖ മാസികയായ ‘കർഷക തൊഴിലാളി’ മാസികയുടെ പ്രഥമ കേരള പുരസ്‌കാരം വിഎസ് അച്യുതാനന്ദന്. ജനുവരി 5ന് മുഖ്യമന്ത്രി പിണറായി വിജയൻ വി എസ് അച്യുതാനന്ദന് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഉണ്ണി കാനായി തയ്യാറാക്കിയ ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-കല-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. എം എ ബേബി ചെയർമാനും പ്രൊഫ. പി കെ മൈക്കിൾ തരകൻ, എൻ ഇ സുധീർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. അതേസമയം ഇതോടൊപ്പം കേരള സാഹിത്യ പുരസ്‌കാരവും വിതരണം ചെയ്യും. ജനുവരി അഞ്ചിന് വൈകുന്നേരം ടാഗോർ തിയേറ്ററിൽ വച്ചാണ് പുരസ്‌കാരം വിതരണം നടക്കുക.
‘ഒറ്റമുളയേണി’ എന്ന പുസ്‌തകം രചിച്ച സുരേഷ് പെരിശ്ശേരിയാണ് കഥ വിഭാഗത്തിലെ അവാർഡിന് അർഹനായത്. കവിത വിഭാഗത്തിൽ ശ്രീജിത്ത് അരിയല്ലൂരിനും പ്രബന്ധ വിഭാഗത്തിൽ കെ രാജേന്ദ്രനുമാണ് പുരസ്‌കാരം. 40,001 രൂപയും ഫലകവും പ്രശംസ്‌തി പത്രവും അടങ്ങുന്നതാണ് കേരള സാഹിത്യ പുരസ്‌കാരം. അടുത്ത വർഷം മാസികയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാര വിതരണം നടക്കുന്നത്.