സന്ദർശന വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കിത്തുടങ്ങി. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയിലും ഷാർജയിലും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വീസ പുതുക്കാൻ കഴിയുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ ഈ സൗകര്യം, ഒഴിവാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ജോലി തേടിയെത്തിയവർ, മക്കൾക്കൊപ്പം താമസിക്കുന്ന മാതാപിതാക്കൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കും. അയൽ രാജ്യമായ ഒമാനിൽ പോയി വീസ പുതുക്കാനുള്ള സൗകര്യം ട്രാവൽ ഏജൻസികൾ നൽകുന്നുണ്ടെങ്കിലും, അതിന് 1000 ദിർഹത്തിന് അടുത്താണ് യാത്രാ ചെലവ്.
വീസ കാലാവധി തീർന്നവർ രാജ്യത്തു തുടരുന്നത് സുരക്ഷിതമല്ല. പിടിക്കപ്പെട്ടാൽ വൻ തുക പിഴയടയ്ക്കേണ്ടി വരുന്നതിനൊപ്പം നിയമ നടപടികളും യാത്രാ വിലക്കും നേരിടേണ്ടി വരുമെന്നാണ് സൂചന.