ഐശ്വരത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും മറ്റൊരു വിഷു ദിനം കൂടി വന്നെത്തിയപ്പോൾ ആഘോഷപൂർവ്വം വരവേറ്റ് യുഎഇയിലെ മലയാളികള്‍. ഓട്ടുരുളിയിൽ കണിവെള്ളരി ഉള്‍പ്പെടെയുള്ള കാർഷിക വിഭവങ്ങളും കോടിമുണ്ടും വാൽ കണ്ണാടിയുമെല്ലാം ചേര്‍ത്ത് ഒരുക്കിയ വിഷുക്കണി ദര്‍ശിച്ചാണ് പ്രവാസി മലയാളികളും വിഷുപ്പുലരിയെ എതിരേറ്റത്. നാട് വിട്ട് നിൽക്കുകയാണെങ്കിലും പരമ്പരാഗതമായ രീതിയിൽ തന്നെ വിഷുവിനെ വരവേൽക്കുകയാണ് യുഎഇയിലെ മലയാളികൾ.
വിഷുക്കണിയും വിഭവസമൃദ്ധമായ സദ്യയും വിഷുക്കോടിയുമൊക്കെയായി ആർഭാടപൂർണമായാണ് പ്രവാസികളുടെ വിഷു ആഘോഷം. തനത് ചിട്ടവട്ടങ്ങളോടെ നാടിനെക്കാൾ ഗംഭീരമായാണ് ഗൾഫിലെ ആഘോഷം. ജോലി സമയവും അവധിയും അനുസരിച്ച് ആഘോഷങ്ങൾ ഒരാഴ്‌ച മുൻപേ ആരംഭിച്ചുവെന്ന് മാത്രം. കണിവെള്ളരി, ചക്ക, മാമ്പഴം, അരി, തേങ്ങ, പഴം, സ്വർണം, കണിക്കൊന്ന തുടങ്ങി മാർക്കറ്റിൽ ലഭിച്ച വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണർന്നത്. ചിട്ടകൾക്ക് വ്യത്യാസം വരുത്താതെ സമൃദ്ധിയുടെ വിഷുക്കൈനീട്ടവും സമ്മാനിച്ചു.
തങ്ങളുടെ മക്കൾക്കും വിഷു ആഘോഷത്തിന്റെ പ്രാധാന്യവും പകർന്നുനൽകുക എന്ന ചിന്തയാൽ ഒരുക്കങ്ങൾക്ക് യാതൊരു കുറവും വരുത്തിയില്ല. ഒടുവിൽ ഇലയിൽ കുത്തരിച്ചോറും സാമ്പാറും അവിയലും മാമ്പഴ പുളിശേരിയും ചക്ക എരിശ്ശേരിയും കൂട്ടുകറികളും പപ്പടവും പായസവുമൊക്കെയായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. നാട്ടിലെ ആഘോഷങ്ങളുടെ അത്രയും വരില്ലെങ്കിലും സാധ്യമായ രീതിയിലെല്ലാം പ്രവാസികളും ഒരുക്കങ്ങൾ സജീവമാക്കി.