യുഎഇയിൽ വീസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്ക്കു മുൻപ് നിർബന്ധമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്. നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വീസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്ന സൗകര്യം ഇനി ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇനി മുതൽ ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. മുൻകൂട്ടി ഓൺലൈനിലൂടെ അപേക്ഷിച്ച് വീസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ചെയ്യാവൂ. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വീസ ലഭിക്കുക. എന്നാൽ 14 ദിവസത്തേക്കു കൂടി നീട്ടാനും കഴിയും.
യുഎസ് ഗ്രീൻകാർഡ്, യുകെ, യൂറോപ്യൻ യൂണിയൻ വീസ, റസിഡൻസ് വീസ എന്നിവ ഉള്ളവർക്കാണ് വീസ ഓൺ അറൈവലിന് അനുമതിയുള്ളത്. വീസ ഫീസും വർധിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടയ്ക്കണം. നേരത്തെ 150 ദിർഹമായിരുന്ന വിമാനത്താവളത്തിൽ ഈടാക്കിയിരുന്ന ഫീസ്. ജിഡിആർഎഫ്എയുടെ https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലാണ് വീസയ്ക്കായി അപേക്ഷിക്കേണ്ടത്. പാസ്പോർട്ട്, യുകെ/യുഎസ് വീസ, വെളുത്ത പശ്ചാത്തലത്തിലുള്ള ചിത്രം എന്നിവയാണ് അപേക്ഷിക്കുമ്പോൾ അപ്ലോഡ് ചെയ്യേണ്ടത്. അപേക്ഷിച്ച് 48 മണിക്കൂറിനകം തന്നെ വീസ ലഭിക്കും.
വീസ ലഭിക്കാനുള്ള നിബന്ധനകൾ
1) അപേക്ഷകന് യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്കുകൾ ഉണ്ടാകരുത്
2)പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടാകണം
3) യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ വീസയ്ക്ക് കുറഞ്ഞത് 6 മാസം കാലാവധിയുണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.