ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയ സാഹസിക സഞ്ചാരികൾ അന്തർവാഹിനി തകർന്ന് കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. കടലിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി യാത്ര തിരിച്ച ടൂറിസ്റ്റ് സബ്മേഴ്സിബിൾ കടലിനടിയിലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടപ്പോൾ അപകടത്തിന്റെ ആനിമേഷൻ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. ടൈറ്റൻ സബ്മെർസിബിൾ എങ്ങനെ പൊട്ടിത്തെറിച്ചുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇതിനോടകം പത്ത് മില്യൺ ആൾക്കാരാണ് കണ്ടത്. അപകടത്തിന് കാരണമായ പൊട്ടിത്തെറി എങ്ങനെ സംഭവിച്ചെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മില്ലിസെക്കൻഡിന്റെ ഒരു അംശത്തിനുള്ളിൽ സംഭവിച്ച ചുറ്റുമുള്ള ജലത്തിന്റെ ഉയർന്ന ഹൈഡ്രോസ്റ്റാറ്റിക് മർദ്ദമാണ് സ്ഫോടനത്തിന് കാരണമായതെന്ന് ആനിമേഷൻ വിശദീകരിക്കുന്നു.
യൂട്യൂബ് ചാനലായ AiTelly ജൂൺ 30 ന് പോസ്റ്റ് ചെയ്തതാണ് 6 മിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേഷൻ വീഡിയോ. ജൂൺ 18 ന് ടൈറ്റാനിക് അവശിഷ്ടങ്ങളിൾ തേടിപ്പോയി രണ്ട് മണിക്കൂറിനുള്ളിൽ അന്തർവാഹിനി റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. നാല് ദിവസം നീണ്ടുനിന്ന തിരച്ചിലിന് ശേഷമാണ് ഇവർ മരിച്ചതായി സ്ഥിരീകരിച്ചത്.ടൈറ്റാനിക് സ്ഥിതിചെയ്യുന്ന സമുദ്രാന്തർ ഭാഗത്ത് ഒരു ചതുരശ്ര ഇഞ്ചിന് ഏകദേശം 5600 പൗണ്ട് മർദ്ദമുണ്ട്. ഭൗമോപരിതലത്തിൽ നാം അനുഭവിക്കുന്ന സമ്മർദ്ദത്തിന്റെ ഏതാണ്ട് 400 മടങ്ങാണിത്. മർദ്ദം താങ്ങാനാവുന്നതിലും അപ്പുറമായപ്പോൾ സബ്മറൈൻ പൊട്ടിത്തെറിക്കുകയായിരുന്നു.