സൗദിയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഡാറ്റ പ്രൊട്ടക്ഷൻ നിയമം നിലവിൽ വന്നു. ഇതോടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയാണ് നേരിടേണ്ടിവരിക. 2021-ൽ മന്ത്രിസഭ അംഗീകരിച്ച ഡാറ്റ പ്രൊട്ടക്ഷൻ നിയമം ഇപ്പോഴാണ് പ്രാബല്യത്തിൽ വന്നത്. സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറ്റിയുമായി ചേർന്നാണ് നിയമം നടപ്പിലാക്കുന്നത്.
പൊതുപരിപാടികൾ, പാർട്ടികൾ തുടങ്ങിയ സ്ഥലങ്ങളിൽ മറ്റും ശേഖരിക്കുന്ന ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങൾ എന്നിവയെല്ലാം സ്വകാര്യവിവരമായി കണക്കാക്കും. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തുവിടുന്നതുമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പർ, ചിത്രം, സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ള വീഡിയോ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ച് വച്ചിരിക്കുന്ന വിവരങ്ങൾ തുടങ്ങിയവയും ഇനി അനുമതിയില്ലാതെ കൈമാറാൻ പാടില്ല.