നടൻ നിവിൻ പോളിക്കെതിരേയുള്ള പീഡനാരോപണത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തൻ്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് വ്യക്തമാക്കി.
“2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് ഞാൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു. 15 ന് പുലർച്ചെ മൂന്നുമണിവരെ എന്നോടൊപ്പം ഉണ്ടായിരുന്നു. പതിനാലാം തിയ്യതി രാവിലെ തൊട്ടാണ് നിവിൻ്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾ എല്ലാവരും ഒത്തുകൂടി. 8 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്.
അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. 15ന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു” എന്നാണ് വിനീത് പറഞ്ഞത്.
വിനീത് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിൻ്റെ ഉടമയുമായ വിശാഖ് സുബ്രഹ്മണ്യവും വ്യക്തമാക്കി.