വിശുദ്ധ റമദാൻ മാസത്തിൽ ഗതാഗത സുരക്ഷയൊരുക്കുന്ന പൊലീസ്, ട്രാഫിക് പട്രോളിംഗ് വിഭാഗത്തിനും ഇതര സുരക്ഷാ ഉദ്യോഗസ്ഥർക്കും വിശ്രമ കേന്ദ്രങ്ങൾ അനുവദിച്ചെന്ന് ദുബായ് പോലീസ് ജനറൽ കമാൻഡിൻ്റെ പ്രഖ്യാപനം.റമദാനിൽ തങ്ങളുടെ ജീവനക്കാർക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമാണ് സംരംഭമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ലോജിസ്റ്റിക്സ് സപ്പോർട്ട് ഡയറക്ടർ ഹിസ് എക്സലൻസി മേജർ ജനറൽ അലി അഹമ്മദ് ഗാനേം പറഞ്ഞു.
അറുപതോളം വിശ്രമകേന്ദ്രങ്ങളാണ് നിജപ്പെടുത്തിയത്. ഇവിടെ നിസ്കാരത്തിനും നോമ്പ് പ്രാർത്ഥനകൾക്കുമുളള സൌകര്യങ്ങൾ ഒരുക്കും. ഇഫ്താറിനും സുഹൂറിനും ആവശ്യമായ സൌകര്യങ്ങളാണ് ക്രമീകരിക്കുക. ഉദ്യോഗസ്ഥർക്ക് അവരുടെ സന്തോഷവും ജീവിത നിലവാരവും ഉറപ്പുനൽകുന്നതിനൊപ്പം ഔദ്യോഗിക ചുമതലകൾ പൂർണ്ണമായി നിർവഹിക്കാൻ അവസരമൊരുക്കയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇനോക് സർവീസ് സ്റ്റേഷനുകളിൽ 19, പൊലീസ് സ്റ്റേഷനുകളിൽ 15, ദുബായ് പൊലീസുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും 23, ദുബായിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിൽ (എസ്പിഎസ്) അഞ്ചെണ്ണം ഉൾപ്പെടെ എമിറേറ്റിലെ 62 സ്ഥലങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കും.
ജീവനക്കാരുടെ സന്തോഷവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളിലും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുളള സംരംഭങ്ങളും പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്നും ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ഹിസ് എക്സലൻസി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരിയും വ്യക്തമാക്കി.
ജോലിയുടെ സാധാരണ വേഗതയും പുരോഗതിയും തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സംരംഭം ഫലപ്രദമെന്ന് മേജർ ജനറൽ ഗാനെം ചൂണ്ടിക്കാട്ടി.എമിറേറ്റ്‌സ് നാഷണൽ ഓയിൽ കമ്പനിയുമായും (ENOC) മറ്റ് സഹായ ഏജൻസികളുമായും സഹകരിച്ചാണ് നടപടികൾ. വിവിധ പൊതു വകുപ്പുകളും പദ്ധതിയുടെ ഭാഗമായുണ്ട്.