കേരള ജനപക്ഷം പാർട്ടി നേതാവ് പി.സി. ജോർജിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയിൽ ജനവാസമുള്ള ആരും തയ്യാറാകില്ല. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോർജ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. എങ്ങും ഗതികിട്ടാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയിൽ ചേർന്നത്. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്നും നടേശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എവിടെ മത്സരിച്ചാലും പി.സി ജോർജ് ദയനീയമായി പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. പി.സി. ജോർജിന് ആരും വോട്ട് ചെയ്യില്ലെന്ന് ഉറപ്പാണ്. ബി.ജെ.പിക്കാർ പോലും വോട്ട് ചെയ്യുമോ എന്നകാര്യത്തിൽ സംശയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല, എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ച വെള്ളാപ്പള്ളി മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്നും പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു. എന്‍.കെ പ്രേമചന്ദ്രനെ മോശക്കാരനാക്കാൻ ആരൊക്കയോ ശ്രമിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിൽ എന്ത് വിപ്ലവമാണുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം വി.ഡി സതീശനും കെ.സുധാകരനും ഒരുമിച്ച് സമരാഗ്നി യാത്ര നടത്തുന്നത് ഒരുമ ഇല്ലാത്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘മറ്റുള്ള പാർട്ടികളിൽ എല്ലാം ഒരാളാണ് യാത്ര നയിക്കുന്നത്. രണ്ടാൾ യാത്ര നടത്തുന്നതിന് അർഥം നേതൃത്വം ഒരാളല്ല രണ്ടാളാണ് എന്നാണ്. നേതൃത്വത്തിൽ തമ്മിൽ തല്ലാണിതിലൂടെ വെളിപ്പെടുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.