നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമായി വാഹനങ്ങൾഉപേക്ഷിച്ച് പോകുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ നടപടിയുമായി നേരത്തേ രംഗത്ത് വന്നിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മസ്കത്ത്. ഈ നഗരത്തിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്ന പ്രവർത്തി. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്.
അതേസമയം വാഹനങ്ങൾ കൂടുതൽ ദിവസം പൊതു നിരത്തുകളിൽ ഉപേക്ഷിക്കപ്പെടുന്നതിനാൽ റോഡ് ഉപയോക്താക്കൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. കൂടാതെ 15 അല്ലെങ്കിൽ അതിൽ താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200ഉം 15ലധികം യാത്രക്കാർ, ലോക്കോമോട്ടീവുകൾ, ട്രയിലറുകൾ, ട്രാക്ടറുകൾ, ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ രൂപകൽപന ചെയ്ത ട്രക്കുകൾക്കും ബസുകൾക്കും 400ഉം റിയാലാണ് പിഴ ഈടാക്കുക. അതേസമയം അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാവുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാലായിരിക്കും പിഴ ചുമത്തുക.
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് മസ്കറ്റിലെ ബൗഷറിലാണ്. 42 വാഹനങ്ങളാണ് ഇവിടെനിന്ന് നീക്കം ചെയ്തിട്ടുള്ളത്. സീബിൽനിന്ന് 17 കാറുകളും നീക്കം ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് ഉടമകൾക്ക് നോട്ടീസ് അയക്കും. അതിന് ശേഷം എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കറും പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോയില്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും.